Sooraja. E.M
അന്വേഷണത്തിന്റെ അവസാനം
ഞാന്‍ കണ്ടെത്തി
എന്റെ ജീവന്റെ കൗണ്ടര്‍ഫോയില്‍
ഇപ്പോഴും ആരോ
സൂക്ഷിച്ചുവച്ചിരിക്കുന്നതുകൊണ്ടാണ്‌
ഞാന്‍ ജീവിച്ചിരിക്കുന്നത്‌.

തലയ്ക്കുമുകളില്‍ യുദ്ധമായി വന്ന്‌
അവര്‍ മൃതദേഹങ്ങളെ വിചാരണചെയ്യുമ്പോള്‍
ജീവനുണ്ടെന്ന കാരണത്താല്‍
ഞാന്‍ മാറ്റിനിര്‍ത്തപ്പെട്ടു.
എനിക്കു സംസാരിക്കാനുണ്ടെന്ന്‌
അവര്‍ക്കറിയാമായിരിക്കും.

മണ്ണുമാന്തികള്‍ തിന്നു ശോഷിച്ച കുന്നിന്റെ
ജീര്‍ണ്ണദേഹത്തില്‍
ഒറ്റയ്ക്കുനില്‍ക്കുന്ന ഒരു മരക്കൊമ്പത്തെ
കടന്നല്‍ക്കൂടുപോലെ
ബാക്കിയാവുമ്പോള്‍
എനിക്കു ശ്വാസംമുട്ടുന്നു.

താഴെനിന്ന്‌ നിങ്ങള്‍ പുകവിടുന്നതുകൊണ്ടല്ല
മൗനം
എന്റെ ശ്വാസകോശങ്ങളെ തീയിടുന്നതുകൊണ്ട്‌.
പറഞ്ഞില്ലേ?
എന്നിട്ടും ഞാന്‍ മരിച്ചുപോകാത്തത്‌
ജീവനുള്ളൊരു കൗണ്ടര്‍ഫോയിലുള്ളതുകൊണ്ടാണ്‌.