Unnikrishnan. N.G
അരുത് സോദരാ
ഭയങ്കരആത്മാര്‍ത്ഥത
അരുത്

അത് ആരെയും
സ്വന്തംജോലിയെപ്പോലും
സ്നേഹിക്കലല്ല
മാനിക്കലല്ല

സ്വയംവിക്ഷേപണം മാത്രം
നല്ലതു വിചാരിച്ച് തുടങ്ങുന്നു
ഒക്കെ തെറ്റുന്നു
ഒറ്റക്കൊരാള്‍ എപ്പോഴും ശരി, കൃത്യം
ചിലപ്പോള്‍ വൈകിയെത്തി തെറി കേട്ട്
പകുതി ലീവു പോയി ശമ്പളം പോയി
രണ്ടറ്റം മുട്ടിച്ച്
ചാക്കരി വാങ്ങും സാദാമനുഷ്യരെ
അത്
കരിതേയ്ക്കുന്നു

അതുമല്ല
അത് ആളെ കൊല്ലും
ടേക്ക് ഓക്കെ ആയാലും
ഹെലിക്കോപ്റ്ററില്‍
തൂങ്ങാന്‍ തോന്നും
നല്ലൊരു ഫോട്ടോക്കായ്
ഉരുള്‍പൊട്ടലില്‍ ഒലിക്കും
പ്രതീക്ഷക്കൊത്ത് വളര്‍ന്ന് വളര്‍ന്ന്
പൂക്കുറ്റിപോലെ
ഇച്ചിരെ മനോഹരവര്‍ണ്ണങ്ങളായ്
ചിതറും
തൂത്താലും പോകാതെ
കടിച്ചേടത്ത് ചത്തിരിക്കും

ധാന്യമെന്നല്ല സ്വര്‍ണ്ണമെന്നല്ല
നന്മയും മൊത്തമായ് വാങ്ങരുത്
ആരെങ്കിലും കാല്‍തൊട്ടു വന്ദിച്ച്
കാച്ചും
പരകോടി പരമപാതാളം

സോദരാ
ഇക്കാണായ ഭൂമിയിലെ
സമസ്തനന്മയും ചുമ്മി
കുഞ്ചിയൊടിയാതെ
വിട്ടുകൊട് ഓരോരുത്തര്‍ക്കും
അവരവരുടെ വിഹിതം