Yahia Lababidi
വെളിച്ചം അതിജീവിക്കും
തിയ്യിനെ; ഒരാള്‍ ചൊല്ലി.
മറ്റൊരാള്‍ തീക്കൊള്ളിയായ്
തീവെയ്ചു രാഷ്ട്രത്തിനെ

അഗ്നിയുമതിന്‍ ദാഹ-
ശക്തിയുമളക്കുവാ-
നൊക്കില്ല സ്വാതന്ത്ര്യത്തെ-
യെന്നപോല്‍ സുനിശ്ചിതം

കെട്ടനീതിയും ആശാ-
ഭംഗവും എളുപ്പത്തില്‍
കത്തുന്ന വിറകാക്കി
മാറ്റുന്നു മനുഷ്യരെ!

വാക്കുകള്‍ പൊരുളറ്റു
പോകുമ്പോള്‍, ജനതയ്ക്കു
നാക്കില്‍നിന്നവരുടെ
ഭാഷയും പൊയ്പോകുമ്പോള്‍

ചിരിക്കാന്‍ കരയാനു-
മാവാത്ത മനുഷ്യര്‍ക്ക്
മൃതിയും വാഴ്‌വും ഒരു
പോലെതാന്‍ രുചിക്കുന്നു

ട്യൂണിസ്സില്‍ ഈജിപ്തിലും
ലബനന്‍ യമനിലും
തൂകുന്നു വെളിച്ചത്തെ
കത്തിക്കൊണ്ടൊരാള്‍ സ്വയം

ഊതിജ്ജ്വലിപ്പിക്കയാം
തങ്ങള്‍തന്‍ പ്രതീക്ഷയെ
നേടുവാന്‍ നല്‍കാന്‍ സ്വന്തം
ദേഹമേ ശേഷിപ്പവര്‍

....................................

കൂടുതല്‍ കവിതകള്‍