Yahia Lababidi
ഒരിടത്തൊരേപോലെ
യിരിക്കുന്നതിന്‍ മടു-
പ്പകറ്റാന്‍ ചിലനേരം
മേശകളശ്രദ്ധമായ്
കാലു നീട്ടീടും, കൈകള്‍
പൊക്കിടും കസേരകള്‍
ക്ലോസെറ്റു നടു നീര്‍ത്തും,
ഒച്ചയുണ്ടാക്കും മെല്ലെ.

പണിചെയ്യുമ്പോള്‍, പ്രണ-
യിക്കുമ്പോള്‍ മനുഷ്യര്‍ക്കു
മിതുപോലസ്വസ്ഥമാം
നോവനുഭവപ്പെടാം
അകമേ ചിലതെല്ലാം
നീര്‍ത്തിയും മടക്കിയും
ഇളകാം,  അദൃശ്യമായ്
ഒരുവന്‍കര മെല്ലെ
യിളകുന്നേരം സര്‍വ്വം
തകരുന്നതുപോലെ

അകലങ്ങളിലേക്കു
പോകുവാന്‍ അലയുവാന്‍
കുതികൊണ്ടീടും
ഒരസ്വസ്ഥപ്രഭാതത്തില്‍
അവിചാരിതം പാതി
ചാരിയ വാതില്‍പ്പാളി
പ്പഴുതില്‍ വിളിക്കുന്ന
തൂവെളിച്ചത്തിന്‍ നേരേ
ഒടുക്കം സഹികെട്ട
സ്ഥാവരങ്ങളിലൊന്നു
പുറപ്പെട്ടീടാം മര-
ക്കാലിന്മേലേറി,പ്പിന്നെ-
ക്കുതിക്കാം ലായംവിട്ട
കുതിര കണക്കിനെ!

................................

കൂടുതല്‍ കവിതകള്‍