Muraleedharan. T.K
പെരുമഴയില്‍
കുടുങ്ങിപ്പോയ ട്രെയിനുകള്‍
തേരട്ടകളെപ്പോലെ
അരിച്ചരിച്ച്‌....

പിന്നെ ചുരുണ്ട്‌
ഇപ്പോള്‍
വെള്ളത്തില്‍
പൊങ്ങിക്കിടക്കുകയാണ്‌

ദൈവം അവയെ പെറുക്കി
വലിയൊരു കുപ്പിയിലിട്ടുവെച്ചു
ജീവന്റെ മിടിപ്പുകളില്‍നിന്ന്‌
സ്വതന്ത്രമാക്കപ്പെടുന്ന വസ്‌തുക്കളൊക്കെ
ശേഖരിച്ചുവെക്കുന്ന
കൂറ്റന്‍ പച്ചക്കുപ്പിക്കുള്ളില്‍!

സ്‌കൂള്‍ബസ്സുകളും
വിമാനങ്ങളും കാറുകളും
പടുകൂറ്റന്‍ ഗണപതിമാരും
ഇലക്ട്രിക്‌ ട്രെയിനുകളും
അതിനുള്ളില്‍ ഭാരമില്ലാതെ
പറന്നുനടന്നു

പുറത്ത്‌
അനാഥമായ
റെയില്‍വേ അറിയിപ്പുകള്‍
വീര്‍ത്തുപൊട്ടിയ കുട്ടികളുടെ
വിരലുകളില്‍ ചേക്കേറി
അവ ഗഹനമായി
മടങ്ങിനിവരാന്‍ തുടങ്ങി
ആ കുഞ്ഞിക്കൈ വിരലുകളിലേക്ക്‌
വിട്ടുപോയ കണക്കുകള്‍
വീണ്ടും കൂടുകൂട്ടാന്‍ വന്നു

ചീഞ്ഞ ചെകിളപ്പൂക്കളുടെ
മണമുള്ള ഇരുട്ടായി
ദൈവം ആര്‍ക്കും പിടികൊടുക്കാതെ
ഒളിച്ചുനടന്നു!