Muraleedharan. T.K
എന്തൊരു ഓമനത്തമാണ്‌ ആ മുഖത്ത്‌
പക്ഷെ ദൈവം അവളുടെ കണ്ണുകള്‍ കെട്ടിയിരിക്കുന്നു

ആ മടിയിലിരിക്കുന്നത്‌ പൂച്ചക്കുട്ടിയല്ല
ഏതോ യന്ത്രത്തിന്റെ ചെറിയൊരു ഭാഗം
അത്‌ ആ കുഞ്ഞിക്കൈപ്പിടിക്കുള്ളില്‍നിന്നും
ഏതുനിമിഷവും
താഴെവീണുപോകും എന്നു തോന്നി

യന്ത്രത്തിന്റെ മുറിവായിലൂടെ
ഹൃദയമിടിപ്പിന്റെ ശബ്ദം
ഒറ്റിവീണുകൊണ്ടിരുന്നു

അവള്‍ എഴുന്നേറ്റു
നനവുള്ള ഫെനോയില്‍ത്തറയിലൂടെ
ആശുപത്രിക്കു പുറത്തേക്കു
പതുക്കെ നടന്നു

തലയില്‍നിന്ന്‌
കവിളിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന
ചുവന്ന വരയില്‍
കുഞ്ഞിക്കൈവിരലുകളാല്‍ തടവിനോക്കി
ഭാഗ്യം! അത്‌ ഉണങ്ങിപ്പോയിരിക്കുന്നു!