Muraleedharan. T.K
ഭീമാകാരന്‍ ഒരുവന്‍
പഴകി തുരുമ്പെടുത്ത്‌
ഒടിഞ്ഞുതൂങ്ങി

നൂറ്റാണ്ടോളമെങ്കിലുംവരും പഴക്കം!
അതിനൊത്ത നീളം
ഒത്ത ഉയരം
ഇവന്റെ മുഴക്കമേറിയ ശബ്ദം
മുഴുവന്‍ നഗരത്തെത്തന്നെ
ഉറക്കമുണര്‍ത്തിയിരുന്നിരിക്കാം

എന്തിനും ഏതിനും
ചുറ്റും പണിയാളര്‍
എണ്ണയിടാനും തലോടാനും
കുളിപ്പിക്കാനും കളിപ്പിക്കാനും

ഒരുകാലത്ത്‌
ആളും തരവും നോക്കാതെ
പതിനായിരങ്ങള്‍ക്ക്‌
അന്നമേകിയോനാവും

ഇന്ന്‌
ഈ കറുത്ത നദിക്കരയില്‍
എല്ലും തോലും
കുപ്പിയും പ്ലാസ്റ്റിക്കും
വേര്‍തിരിക്കുന്നവരുടെ ഗലിയില്‍
വലിച്ചെറിയപ്പെട്ടിരിക്കുന്നു

നടത്തത്തിനിടെ
എന്തോ ഒന്ന്‌ പുറത്തുവന്നു കുത്തി
താഴെവീണ്‌ പിടഞ്ഞു നിശ്ചലമായി

പഴകിയ ഒരു കൊച്ചുകളിവിമാനം!
ദൂരെ വേസ്റ്റുകൂനക്കുമോളിലിരുന്ന്‌
ലക്ഷ്യം കണ്ടതില്‍
ആര്‍പ്പുവിളിക്കുന്നൂ തെരുവുമക്കള്‍!