Sujeesh. N.M
വൃത്തവളയത്തിന്‍
വെളിയിലെത്താതെ
കൃത്യത പാലിച്ച
കവിതകള്‍ക്കൊപ്പം
കോമ്പസ് ഉപയോഗിച്ചുള്ള
വൃത്തം വരക്കലും
വേണ്ടെന്നു വെച്ചതാണ്.

തുടങ്ങിയ ഇടത്തുതന്നെ
ഒടുങ്ങാതിരിക്കാന്‍ .

ജീവിതം പോലെ രണ്ടറ്റം
കവിതയ്ക്കായപ്പോള്‍
സ്കെയില്‍ ഉപയോഗിച്ചു
വരച്ചു തുടങ്ങി.

നിരന്തരമായ ഉപയോഗം
സ്കെയിലിന്‍റെ
വക്കുകള്‍ പൊട്ടിച്ചു ;
അളവുകള്‍ മായ്ച്ചു .

വരയ്ക്കുന്നതൊന്നുമിപ്പോള്‍
നേര്‍ര്രേഖയല്ല ,
വരയ്ക്കുന്നവയ്ക്കൊന്നും
കൃത്യതയില്ല.

അനുഭവം ജീവിതഗതി
മാറ്റുന്നത്‌ പോലെയാണ്
ഉപയോഗം സ്കെയിലിന്‍റെ
രൂപവും ഭാവവും മാറ്റിയത്.