Sujeesh. N.M
നാലുചില്ലുപാളികള്‍ക്കുള്ളില്‍ നിന്ന്
നാട് ചുറ്റി കാണാമെന്നു നിനച്ചു
നാല് ദിക്കിലേക്കും പാഞ്ഞു
നിയന്ത്രണത്താല്‍ അടങ്ങിയൊതുങ്ങി.

കണ്ണാടി നോക്കി ചന്തം വരുത്തി.
കണ്ണടയ്ക്കാതെയുറങ്ങി,യിന്നത്തെ
കാഴ്ചകള്‍ ലൈവായ് കണ്ടിരുന്നു.
കാലത്തും വൈകീട്ടും വയറുനിറയെ
കഴിക്കാന്‍ കിട്ടി കൊണ്ടിരുന്നു.

ഒത്തിരി സ്വാതന്ത്ര്യമറിയാത്ത
അലങ്കാരമത്സ്യ,മിത്തിരി
സ്വാതന്ത്ര്യമുള്ള ചില്ലുക്കൂട്ടില്‍
ഒത്തിരി സ്വാതന്ത്ര്യം കണ്ടെത്തി.

നാട്ടിലെ തോട്ടിലെ പരല്‍മീനിനെ
വീട്ടിലെ ചില്ലുക്കൂട്ടിലിട്ടപ്പോള്‍
വിപ്ലവകാരിയായ് അതെടുത്തുചാടി
വീടും പോയി നാടും പോയി ജീവനും...