Noora. V
മരുന്നുഡപ്പി
മങ്ങാക്കുറ്റി
തലയിണച്ചോട്
അരിപ്പൊടിപ്പാത്രം
മണിപ്പേഴ്‌സ്
മരയലമാര
ബാങ്ക്‌ലോക്കര്‍

അങ്ങനെ നമ്മുടെ
പാത്തുവെക്കുന്നിടങ്ങള്‍
വളര്‍ന്നുകൊണ്ടേയിരിക്കുന്നല്ലോ
പാത്തുവെക്കാനുള്ളവയും

ഒപ്പം
കുത്തിത്തുറക്കുമെന്നും
തട്ടിപ്പറിക്കുമെന്നും
ഉറക്കംതരാപ്പേടിയും

അയലത്തെ
പൊട്ടന്‍ കോമു
എത്ര ഭാഗ്യവാനാണ്!
മരുന്നുഡപ്പിയിലെന്നെന്നും
അവന്റെ മഞ്ചാടിക്കുരുക്കളും
കിനാക്കളും
സുരക്ഷിതമാണല്ലോ

ആകാശത്തിനും
കടലിനുമപ്പുറത്തേക്കവന്‍
നേരത്തേ വളര്‍ന്നുപോയതുകൊണ്ട്.