Noora. V
ഒന്നാംക്ലാസില്‍ ഹെഡ്മാസ്റ്റരുടെ
ചൂരല്‍ക്കഷായം പേടിച്ച്
പാവാട നനഞ്ഞപ്പോള്‍ തുടങ്ങിയതാണ്

തൊട്ടുകളിയ്ക്കിടെ താഴെവീണ്
കുപ്പിവളയുടഞ്ഞപ്പോഴും

വെള്ളയൂണിഫോം
ആദ്യമായി ചുവന്നപ്പോഴും

വഴിയരികില്‍ മിടിക്കുന്ന ഹൃദയത്തോടെ
കാത്തിരുന്നപ്പോഴും

പരീക്ഷാഹാളില്‍
തലേന്നുവായിച്ച ചുള്ളിക്കാടുമാത്രം
ഓര്‍മ്മയില്‍ തെളിഞ്ഞപ്പോഴും

വാശിയോടെ നഖം
കടിച്ചുതുപ്പിക്കൊണ്ടേയിരുന്നു

എന്നിട്ടും
കല്യാണത്തലേന്ന്
മൈലാഞ്ചിയിടാവേണ്ടി മാത്രം
എന്റെ അനുവാദമില്ലാതെ
നീ മുളച്ചുവന്നതെന്തേ?