Noora. V
രാത്രി
പരിചിതമായൊരു പദചലനം കേട്ടെന്ന്
ഉമ്മറവാതില്‍ തുറന്നിടാറില്ല
വിരിപ്പിലും പുതപ്പിലുമൊക്കെ
നാക്കിന്‍തുമ്പത്തൊളിച്ചൊരാളുടെ
വിയര്‍പ്പുണ്ടെന്ന്
മണത്തുനടക്കാറില്ല

കലണ്ടറിന്റെ പേജു കീറി
ജനുവരിക്കും ഡിസംബറിനുമിടയിലെ
അകലങ്ങള്‍ മായ്ക്കാറില്ല

ആവിപാറുന്ന പത്തിരിച്ചട്ടിയില്‍ കൈവെച്ച്
അവിടെയെന്തൊരു ചൂടായിരിക്കുമെന്ന്
പൊള്ളാറില്ല

കരഞ്ഞുകരഞ്ഞു തളര്‍ത്താറില്ല
ചിരിച്ചുചിരിച്ചു പേടിപ്പിക്കാറുമില്ല

ഉമ്മയ്ക്കിപ്പോള്‍ കുറവുണ്ട്

അത്തറുമണമില്ലാത്ത
ആദ്യത്തെ പെട്ടി
കറുത്ത വലിയൊരു പെട്ടി
ഒറ്റയ്ക്ക് കരിപ്പൂരില്‍ വന്നതില്‍പ്പിന്നെ.