Subha. G.S
കൊടിയ ചര്‍ച്ചയിലേക്കും
കൂട്ടച്ചിരികളിലേക്കും
പൊട്ടിവീഴുകയാവും
തടയുന്നതിനെക്കുറിച്ച്
ഓര്‍ക്കുന്നതിനുംമുമ്പേ

ചില വാക്കുകള്‍
ചില നോക്കുകള്‍
മുറിച്ചിട്ടതാണെന്ന്
ചികഞ്ഞെടുക്കപ്പെടും

ആരുടേയും ചങ്കിനെ
ഉന്നംവെച്ചല്ലെങ്കിലും
അനേകം പരിചകള്‍
നൊടിയിടയിലുയരും
ചുട്ട മറുപടികള്‍
കിട്ടിക്കൊണ്ടേയിരിക്കും

പരമാനന്ദമല്ലാതൊന്നും
ഓര്‍ക്കാതിരിക്കുന്ന ഞാന്‍
നാണംകെട്ട്
തല കുനിക്കും
എന്തിനാണീ കണ്ണുകള്‍
പൊട്ടിയൊലിക്കുന്നതെന്നറിയാതെ.