Bindu Krishnan
വെളിച്ചമേ
ഈ മുറിയിലേക്ക് വരരുത്.
എന്റെ മാറില്‍ കിടക്കുമീ
കനമാര്‍ന്ന കൈ
അയയരുത്.
മൊബൈലേ
നീ ശബ്ദിക്കരുത്.
അവന്റെ കൈ നിന്നിലേക്ക്
നീളരുത്.
ഈ ശ്വാസതാളം
തടസ്സപ്പെടുത്തരുത്.
എന്റെ അരയില്‍
പിണഞ്ഞൊരീ
കനത്ത കാല്‍
നിലത്തേയ്ക്കിറങ്ങരുത്.
ഈ പിണച്ചിലിന്‍
പ്യൂപ്പ തകര്‍ത്ത് അവന്‍
അന്യരിലേക്ക് ചിതറരുത്.
ലോകമേ
ദയവുചെയ്ത് ഇങ്ങോട്ടു വരരുത്.
എനിക്ക് നൂറായ് വീണു തകരാന്‍ വയ്യ.