Uma Rajeev
ഉറങ്ങിത്തുടങ്ങുമ്പോള്‍
ഒരു മരം, ഉണര്‍ന്നു തുടങ്ങുന്നു
ആകെ ചിരിച്ചുലര്‍ന്നു
ഇലത്തുമ്പില്‍ പോലും സംഗീതം നിറച്ച്.

അച്ചടക്കമില്ലായ്മയുടെ സ്വാതന്ത്രത്യത്തില്‍
തമ്മില്‍ വിരലുകള്‍ കോര്‍ത്തു
പകല്‍ തണല്‍ കൊടുത്ത ഇലകളെ നോക്കി
ഇതെല്ലാം വെറും നാട്യമല്ലേയെന്നു കണ്ണിറുക്കി.


അതിര്‍ത്തികള്‍  നോക്കാതെ
ഈര്‍പ്പത്തിലേക്ക് വേരുകള്‍ ആഴ്ത്തി
മരം കൊത്തിയുടെ കണ്ണിലേക്ക് തറപ്പിച്ചു നോക്കി
ഓടിക്കേറുന്ന  അണ്ണാറക്കണ്ണന്മാരുടെ
നീക്കിയിരിപ്പുകള്‍ സംരക്ഷിച്ച്...അങ്ങനെ
.
നേര്‍കാഴ്ച സഹിക്കാനാവതെ ഇറങ്ങിയോടുന്നു,
തലകീഴായി  കിടന്നിരുന്നകടവാവലുകള്‍.
കോരിത്തരിപ്പാല്‍ എഴുന്നു നില്‍ക്കുന്നു  ,
പകല്‍വെളിച്ചത്തിലെ  ഇത്തിള്‍ക്കണ്ണികള്‍

എതോ പൂവന്‍  മൂന്നു വട്ടം കൂവി
നേരം വെളുപ്പിക്കുമ്പോള്‍
ഇതൊന്നുമറിഞ്ഞില്ല  എന്ന നാ‍ട്യത്തില്‍
പിടഞ്ഞെണീല്‍ക്കേ
പുറം  തൊലിക്കടിയില്‍
അകത്തേക്കൊ പുറത്തേക്കൊ
എന്നു പകച്ച്  നില്‍കുന്നു
ഓടിത്തളര്‍ന്ന ഓന്ത്.