Uma Rajeev
ഉമ്മറത്തെ കനത്ത വാതില്‍പ്പാളികള്‍
മുത്തച്ഛന്റെ ചിട്ടകളും ആജ്ഞകളും

കോരിയതില്‍ പാതി മുകളിലെത്തിക്കുന്ന പിന്നാമ്പുറത്തെ  കിണര്‍
അമ്മൂമ്മയുടെ കണ്ണുകള്‍ പോലെ

ഒളിക്കാന്‍ ശ്രമിച്ചിട്ടും എത്തിനോകുന്ന വേലിക്കലെ
കോളാമ്പികള്‍ , പ്രായം തികഞ്ഞ ചിറ്റ

ഈര്‍പ്പം വറ്റാത്ത വിറകു പുകയുന്ന അടുപ്പ്
വെയിലില്‍പുറത്തിറങ്ങാന്‍ മടിക്കുന്ന അമ്മാവന്റെ മനസ്സ്

പൊട്ടിച്ചിതറലോടെ എന്തോ മൂളുന്ന റേഡിയോ
വീട്ടില്‍ ഉപേക്ഷിക്കപ്പെട്ട വല്യമ്മ

സന്ധ്യക്ക് തെളിഞ്ഞു കത്തുന്ന എണ്ണത്തിരി
ബോംബയ്ക്ക് വണ്ടി കയറിയ വല്യമ്മാവന്‍

റേഷനരിയിലും , പുളിങ്കറിയിലും നിറയുന്ന കിണ്ണങ്ങള്‍
ഇപ്പോഴും കൊതിപ്പിക്കുന്ന വേനലവധിയിലെ കളികള്‍