Smitha Meenakshi
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്,
പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും
അപ്പുറത്ത്, എവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.
 
തുള്ളിക്കുതിച്ചു വന്ന നനഞ്ഞ കാറ്റ്
മയങ്ങി നില്‍ക്കുന്ന
വെയിലിന്റെ പുടവത്തുമ്പില്‍
ഈറന്‍ തുടയ്ക്കുന്നു.
എന്നിട്ടും തണുപ്പു മാറാതെ
വിരല്‍ക്കൂടു തീര്‍ത്ത്
തഴുകിയും പതുങ്ങിയും അരികില്‍.
 
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്.
 
കൈത്തോട്ടിലെ വെള്ളം
ചെമ്മണ്ണു കലര്‍ന്നു കലങ്ങിയിരിക്കുന്നു
ഒഴുക്കുവക്കിലെ ആറ്റുവഞ്ചി
ഉലഞ്ഞിട്ടുണ്ട്,
യാത്ര പറയാതെ പുറപ്പെട്ട
നീലപ്പൂവിതളുകള്‍
ഓളങ്ങളില്‍ വിഷാദം പടര്‍ത്തുന്നു.
കൂടെ പച്ചയും മഞ്ഞയും
ഇലകളായും പൂക്കളായും.
 
എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്
 
സരോദിന്റെ തന്ത്രികളില്‍
ഒരു മഴനൂല്‍ ഈണമാകുന്നുണ്ട്.
ഉറങ്ങിപ്പോയ ഒരു സ്വപ്നം
തുള്ളികള്‍ വീണുണര്‍ന്നിട്ടുണ്ട്,
തണുത്ത കവിളില്‍
ഒരു ചുംബനം ചൂടറിയിക്കുന്നുണ്ട്.
 
ഉള്ളിലെവിടെയൊ
ഒരു മഴ പെയ്യുന്നുണ്ട്.