Sujeesh. N.M
നെഞ്ചില്‍ ചെ ഗുവേര ചിത്രമുള്ള
ടീ ഷര്‍ട്ടും ധരിച്ച്
ബൈക്കില്‍ കറങ്ങുന്വോള്‍
കാണുന്ന പെണ്‍കുട്ടികള്‍ക്കെല്ലാം
ഒരു ജീവിതത്തില്‍ നിന്ന്
ഒരു ജീവിതത്തിലേക്ക്
ലിഫ്റ്റ് കൊടുക്കുന്നു.
അവള്‍മാരുടെ
വിലകൂടിയ സെന്റുമണമുള്ള
വിടപറയല്‍ ആലിംഗനങ്ങളില്‍
ചെ ഗുവേര ചിത്രത്തിന്
ശ്വാസം മുട്ടുന്നത്രേ!

വിപ്ലവകരമായ യാത്രയ്ക്ക് ശേഷം
വിയര്‍ക്കുന്ന ശരീരത്തില്‍ നിന്ന്
ചെ ഗുവേരന്‍-ടീ ഷര്‍ട്ട് ഊരിയെറിഞ്ഞ്
അമേരിക്കന്‍ പതാകയെന്ന
തൂവാലയാല്‍ ശരീരം തുടയ്ക്കുന്നു.

നോ വണ്‍ കില്ലഡ് സദ്ദാം ഹുസൈന്‍
എന്നെഴുതിയ തൊപ്പിയുമിട്ട്
പബ്ബിലെ മങ്ങിയവെളിച്ചത്തില്‍
‘ഗാന്ധി’യെ കൊടുത്ത് വിദേശമദ്യം
കൂട്ടുകാര്‍ക്കൊപ്പം കുടിച്ചുകൊണ്ട്
വിപ്ലവത്തിന് കാരണമിടുന്നു.