Sandhya. N P
പട്ടികളും പന്നികളും
നിരന്തരം
വിസര്‍ജ്ജിക്കാനായി മാത്രം
ഉപയോഗിക്കുന്ന ഒരു തൊടി
എനിക്കറിയാം.

മുഖം നിറയെ ചെളി പറ്റിച്ച്
പന്നികള്‍ വരുന്നത്
ഒറ്റയൊറ്റയായാണ്.
തിന്നുന്നതിനിടയില്‍
വയറൊക്കിപ്പിടിച്ച്
ചന്തികൂര്‍പ്പിച്ച്
പിരുപിരുന്നനെ
അപ്പിയിട്ട്
ഒരൊച്ചകേട്ട്
ഓടിപ്പോകും അവ.


പട്ടികള്‍ ഇണയോടൊപ്പമാണെത്തുക.
ആണ്
പുല്‍ക്കുറ്റികളിലെല്ലാം
കാല്‍പൊക്കി മൂത്രമൊഴിച്ച്്്
ചുറ്റും എന്തിനോ പരതി നടക്കും.
പെണ്ണ്്്
പുല്‍ക്കുറ്റികളിലെല്ലാം
മുഖമമര്‍ത്തി മണത്ത്്
കാലുകള്‍ മോളോട്ടാക്കി
മൂത്രച്ചൂരില്‍ വീണുരുണ്ട്

പെട്ടെന്ന്
വന്ന വഴിയിലേക്കോടിപ്പോകും.

പാതിയായ
അപ്പിയിടലവസാനിപ്പിച്ചതിലേക്ക്
കാല്‍കൊണ്ട്
ധൃതിയില്‍
മണ്ണു തട്ടിത്തെറിപ്പിച്ച്
പെണ്ണിനു പിന്നാലെ പാഞ്ഞുപോകും
പുരുഷന്‍.