Muraleedharan. T.K
അന്നു രാവിലെ
പത്രങ്ങളൊക്കെ നനഞ്ഞാണ്
വാതില്‍ക്കല്‍ വന്നുവീണത്.

ആ മരണവാര്‍ത്ത വന്നിട്ട്
ദിവസങ്ങള്‍ കഴിഞ്ഞുപോയിരിക്കുന്നു.
എന്നാല്‍ ആ സംഭവത്തെക്കുറിച്ച്
കൂടുതല്‍ തീര്‍പ്പുകളൊന്നും ലഭിച്ചില്ല.

ശവഘോഷയാത്രയുടെ ആരവങ്ങളും
ആചാരവെടികളും കേട്ടതായി
ആരും അറിയിച്ചില്ല.
ലൈവ് ടെലികാസ്റ്റുകള്‍ കണ്ടില്ല.

അയാളിപ്പോഴും ലോകത്തെവിടേയെങ്കിലും
കറങ്ങി നടക്കുന്നുണ്ടാവും.
മാഡ്രിഡിലോ ആംസ്റ്റര്‍ഡാമിലോ
പാരീസിലോ ലണ്ടനിലോ
ഖത്തറിലോ എവിടെയെങ്കിലും.

എന്തായാലും ഇന്ത്യയിലുണ്ടാവില്ല.

ഇത് ആ മകനെ തള്ളിപ്പറഞ്ഞ,
നാടുകടത്തിയ അമ്മരാജ്യം.

താന്‍ കണ്ടുപിടിച്ച ചായക്കൂട്ടുകളാല്‍
ഭൂഗോളത്തിനു നെറ്റിയില്‍
അമ്മയുടെ ചിത്രം വരച്ചതിനു
മകനു കൊടുത്ത സമ്മാനം.

തന്റെ ചായക്കൂട്ടുകളും ബ്രഷുകളും തൂക്കി
അയാള്‍ ഉറക്കമൊഴിച്ച് അലയുകതന്നെയാവും.

ലോകത്തെവിടെയായാലും
ക്യാന്‍വാസില്‍ പുതിയ നിറങ്ങളും
രൂപങ്ങളും മിടിപ്പുതുടങ്ങേുന്നേടത്തൊക്കെ
വിളക്കുകാണിക്കാന്‍ അയാളുണ്ടാകും.

തന്റെ വേദനകളുടെ
കലങ്ങിയ വെളിച്ചവുമായി.
ലോകാവസാനംവരെ.

സലാം ഹുസൈന്‍സാബ്!