Swapna Nair

ആട്ടിപ്പായിച്ചാലും
അകമെല്ലാം
വൃത്തികേടാക്കിക്കൊണ്ട്
അലഞ്ഞുതിരിയും

കുടഞ്ഞെറിഞ്ഞാലും
പറ്റിപ്പിടിച്ച്
അട്ടകളെപ്പോലെ
തൂങ്ങിക്കിടക്കും
അറ്റംമുതല്‍ കാര്‍ന്നുതിന്ന്
പകുതിയാക്കി
ഓടിമറയും

ചിലത്
പറന്നുനടക്കും
തൂവല്‍ പൊഴിച്ച്
തലങ്ങും വിലങ്ങും
കലമ്പിച്ച്

കഴിഞ്ഞുപോയവയുടെ
കുഴിതോണ്ടി
സകലതും വലിച്ചുപുറത്തിട്ട്
നശിച്ച ഈ ഓര്‍മ്മകള്‍
എന്റെ ദിവസങ്ങളെ
ഇങ്ങിനെയാക്കാറുണ്ട്.