"എന്താണേലും ഒടുവിൽ എനിക്കാ പണി"

എന്ന് മുഖം വീർപ്പിച്ച്, 

നറു വെളിച്ചത്തെ 

ഇടുപ്പിലേക്ക് തിരുകിവച്ച്,

ഇന്നലെ നിലത്തു വീണ ആകാശത്തെ

പതിയെ ഒന്ന് കൊട്ടി,ക്കോരി,

നിലത്തു തൂവാതെ, തിരിയെ ഇരുന്നിടത്തു 

വയ്ക്കാൻ ശ്രമിക്കുന്നു സൂര്യൻ.


"വിടില്ല വിടില്ല"എന്ന്

താഴെ വീണ ആകാശത്തെ

ആദ്യം കണ്ടപ്പോഴേ പ്രേമത്തിലായിപ്പോയ 

ചൊറിത്തവളത്തള്ള.


ഇന്നലെ പെയ്ത മഴ പോലൊരു മഴയാണ്

ഇനി ആ കിളവിയുടെ പ്രതീക്ഷ.

 

ഇന്നലെ ഗോവണിക്ക് താഴെ പതുങ്ങിയ

സർപ്പക്കുഞ്ഞു

"ബെലിച്ചം വന്ന്.."എന്ന്

 ആഹ്ലാദത്തോടെ പുറത്തേക്കിഴയെ

"ഫ!! എന്നൊരു ആട്ടും കൊടുത്തുവിട്ടിരിക്കുന്നു അവൾ


"കുഞ്ഞല്ലേ മുതിരട്ടെ

അപ്പോൾ മഴ മാത്രമാകും 

അവൾക്കും പ്രതീക്ഷ"

എന്നു പറയാനാഞ്ഞതാണ് ഞാൻ;

തള്ളയുടെ മുഖം കണ്ടിട്ട്

വേഗം വായ അടച്ചു കളഞ്ഞു.