(സൗദ പൊന്നാനിയുടെ പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന ആദ്യ കവിതാ സമാഹാരത്തിലൂടെ)


ഏറ്റവും പുതിയ കാലത്തിന്റെ കവയിത്രിയാണ് സൗദ പൊന്നാനി,  പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന പൊള്ളുന്ന ശീർഷകതിലുള്ള ആദ്യ കവിതാ സമാഹാരത്തിലൂടെ പോകുമ്പോൾ പൊള്ളൽ അനുഭവിക്കാൻ പാകത്തിൽ എഴുത്തിലൂടെ കരുത്ത് നേടിക്കഴിഞ്ഞിരിക്കുന്നു സൗദ പൊന്നാനി.  പൂവിൽ ചവിട്ടുമ്പോൾ കാല് പൊള്ളാത്തവർ എന്ന കവിത തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്

ശലഭച്ചിറകുകൾ

പറിച്ചെടുക്കുമ്പോൾ

മിണ്ടാതെ അനങ്ങാതെ

കുരുതിക്ക് കൂട്ടുനിൽക്കുന്നവരുണ്ട്.

കയറഴിഞ്ഞ പശുക്കൾ

ഇളം മാംസത്തിൽ

താണ്ഡവമാടുമ്പോൾ

കണ്ട് നിൽക്കുന്ന

കൽവിഗ്രഹങ്ങൾ!

ബാക്കിയായത് ഉടലിലെ

ചോരയും കൊഴുപ്പും

നിങ്ങളാരത്തിപ്പെട്ടത്

അവയെ ഞാനുപേക്ഷിച്ചതും.

ചിറകിലായിരുന്നു ചിത്രങ്ങൾ!

ഈ കവിത വർത്തമാന ഇന്ത്യൻ യാഥാർഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. പെണ്ണായി പോകുമ്പോൾ അവൾ ചവിട്ടിമെതിക്കപെട്ടാൽ അതിൽ അത്ഭുതപ്പെടാനില്ല, സാധാരണം എന്ന മട്ടിലുള്ള കറുത്ത ചിന്ത അകെ പടർന്നു കഴിഞ്ഞ സാഹചര്യത്തിൽ ഈ കവിത പൊള്ളാത്തവരെയും പൊള്ളിക്കും

"മണ്ണിര കോർത്ത് മീനുകളെ ചൂണ്ടയിടുന്നവരുണ്ട്".എന്നത് കൃത്യമായ ചോദ്യമാണ് ഇരയാക്കപ്പെടുന്നവരുടെ പക്ഷത്തേക്ക് നിന്നുകൊണ്ട് ചൂണ്ടുന്ന ചോദ്യം. 


പെണ്ണെഴുത്ത് എന്ന് സാഹിത്യഭാഷയിലേക്ക് വിവർത്തനം ചെയ്യുമ്പോൾ സൗദയുടെ കവിതകൾ പെണ്ണെഴുത്ത് എന്ന് തന്നെ പറയാം, എന്നാൽ പുറത്തുനിന്നും നോക്കിക്കാണുന്ന നിഷ്പക്ഷ കാഴ്ചയുടെ നേരായ വിമർശനത്തിന്റെ ചീളുകളും കാണാം. കറിക്കൂട്ടുകൾ എന്ന കവിതയിൽ പരുഷനും സ്ത്രീയും അടങ്ങിയ സ്ത്രീവിരുദ്ധരായ ഒരു സമൂഹത്തെ ഒന്നായാണ് പറയുന്നത്.

അവള് കോലായിൽ

പത്രവായനാരസത്തിലാണ്

കെട്ട്യോൻ മുറ്റമടിച്ചു തീർത്തിരിക്കുന്നു

ഒരു കൈയ്യിൽ ബക്കറ്റും

മറുകയ്യിൽ മോപ്പുമായ്

സംതൃപ്തി തിരഞ്ഞയാൾ പിന്നെ

നിലത്തിൻ തിളക്കത്തിൽ


അയലത്തെ കുലസ്ത്രീ

പുച്ഛശരം തൊടുക്കുന്നുണ്ട്

ചുറ്റുമതിൽ തട്ടി

ബൂമറാങ്ങ് വേഗത്തിലതങ്ങോട്ട്

തന്നെ തിരിയ്ക്കുന്നു

അക്കോലായിലെ

ചാരുകസേരയിൽ

പത്രം പുതച്ചു മലർന്നു കിടക്കവേ

തൊട്ടടുത്തൊരു സ്റ്റൂളിലാ

കുലസ്ത്രീ കൊണ്ടുവന്ന് വെച്ച

കപ്പിൽ നിന്ന് ഗ്ലാസിലേക്ക് ചായ

പകരാൻ ഒച്ചയിട്ടവളോടലറുന്ന

കുല പുരുഷനിലേക്ക്.


ഇനി കൂടുതൽ വിവരിക്കേണ്ടതില്ല എന്ന് തോന്നുന്നു. അയലത്തെ പുരുഷനെ നോക്കി പെൺകോന്തൻ എന്ന് വിളിക്കുന്ന അവൾ 'പ്രാർത്ഥനാ ഗീതം പോലെ ഹാ ജീവിതക്കടലിന്നവൾ സ്വയം ആശ്വസിക്കുന്നത്' കാലങ്ങളായി ഒരേ അച്ചിൽ തീർത്ത പുരുഷാധിപത്യ സങ്കല്പങ്ങളുടെ ബാക്കിപത്രമാണ്. സ്വയം ചുരുങ്ങി ജീവിതമാസ്വദിക്കാൻ വിധിക്കപെട്ടവൾ ഏറ്റവും പുരോഗമനപരമായ ചിന്തയെ കാഴ്ച്ചയിൽ പോലും ദഹിക്കാത്ത മോൾഡ് ചെയ്യപ്പെട്ട പെണ്ണിനെ വരച്ചുവെക്കുന്നു. കവയിത്രി അത്തരം  

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,

കരിയും, മെഴുക്കും പുരണ്ട പകലിനെ

സ്വർഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന

വാനമ്പാടിയായി മാറ്റുമെന്നാണ്”

എന്ന് ദേശാടനം എന്ന കവിതയിൽ സച്ചിദാനന്ദന്‍മാഷ് പറയുന്നത് ഇതിനോട് ചേർത്ത് വായിക്കാം

കേരളീയാന്തരീക്ഷത്തിൽ സ്ത്രീകളുടെ പ്രശ്നങ്ങളെ എഴുത്തിലൂടെ കൊണ്ടുവന്നവരിലെ ഇപ്പോഴത്തെ കണ്ണികൾ കുറച്ചുകൂടി അഗ്രസീവ് ആണ്. അവർ ആൺ പെൺ എന്നതിനപ്പുറം മൂന്നാം ലിംഗക്കാരെയും എഴുത്തിലൂടെ പരിഗണിക്കപ്പെടുന്നു. 'ട്രാൻസ്' എന്ന കവിത ആ അർത്ഥത്തിൽ ഏറ്റവും പുതിയ കാലത്തിന്റെ അത്യപൂർവ്വമായി കേൾക്കുന്ന ഉറച്ച ശബ്ദമാണ്. "പെണ്ണായിരിക്കുക എന്നതിൽ കവിഞ്ഞൊരാനന്ദം മറ്റെന്തുണ്ട്" എന്ന് ചോദിക്കുന്നതും അതുകൊണ്ടാണ്. സമൂഹത്തിൽ ഇങ്ങനെയും ചിലരുണ്ടെന്ന് പൂവിൽ ചവിട്ടിയാലും പൊള്ളാത്തവരോടായി വീണ്ടും വീണ്ടും ട്രാൻസ് ഓർമ്മപ്പെടുത്തുന്നു. അതുകൊണ്ടാണ് പാമ്പ് പടം പൊഴിക്കും പോലെയീ ആണുടലഴിച്ചെറിയാൻ അവനത്രമേൽ കൊതിച്ചത് എഴുതുന്നത്. ഈ വരികൾ വായിച്ചപ്പോൾ അക്ബർ കക്കട്ടിൽ മാഷിന്റെ മഹാഭാരതത്തിലെ ഭംഗാസ്വനനെ കുറിച്ച് പറയുന്ന ഉപാഖ്യാനമാണ് ഓർമ്മ വന്നത് ഇന്ദ്രശാപത്താൽ സർവ്വ മംഗള എന്ന പെണ്ണായി മാറിയ ഭംഗാസ്വനനാനോട് ഇനി ആണായി മാറണ്ടേ എന്ന് ചോദിക്കുമ്പോൾ വേണ്ട എന്നാണ് സ്ത്രൈണം എന്ന നോവലിൽ വരച്ചുവെക്കുന്നുണ്ട്.


ചക്കളത്തി എന്ന കവിതയിൽ എത്തുമ്പോൾ കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേർക്കുന്നതായി കാണാം. രണ്ടാം പത്നിയെ ചക്കളത്തി എന്ന് വിളിക്കുന്ന കവിതയിൽ അക്കാലത്തെ അലങ്കാര സവിവിശേഷതകൾ എല്ലാം തെളിയുന്നു എങ്കിലും പെണ്ണിനെ രണ്ടാം കെട്ടിലും കുട്ടിയുണ്ടാകുമ്പോൾ പെണ്ണ് തന്നെ അവിടെയും സഹിക്കേണ്ടി വരുന്നു ജീവിതം സഹനത്തിന്റെ കടൽ മാത്രമായി സ്ത്രീകൾക്ക് ഒരുക്കിവെച്ചത് ആരാണ്? അങ്ങനെ ‘ചക്കളത്തി’ എന്ന  കവിതയിലൂടെ സൗദ വേറിട്ട വഴി വെട്ടുന്നുണ്ട്. പ്രാദേശികമായ ഇടത്തിൽ നിന്നും സർവകാലികമായ തലത്തിലേക്ക് കവിതയെ കൊണ്ടുപോകുന്നു. കുഞ്ഞിക്കാലിന് മോഹിച്ച കോയക്കയുടെ രണ്ടാം കല്യാണ ശേഷം അപ്രതീക്ഷിതമായി രണ്ടു കെട്ടലുകളിലൂടെ കവിത പോകുമ്പുമ്പോൾ പഴയകാലത്തിന്റെ കഥാചിത്രം കൂടിയാണ് തുറന്നുവെക്കുന്നത്. ഇന്ന് പറയാൻ മടിക്കുന്ന അല്ലെങ്കിൽ, പറയാതിരിക്കുന്ന കാലത്തിന്റെ ചിത്രം കൂടിയാണ് ചക്കളത്തി എന്ന കവിത. ശീർഷകത്തിൽ ഒളിപ്പിച്ച രാഷ്ട്രീയവും കാണാതെ വയ്യ. ഉപയോഗമറ്റ ഈ വാക്കിൽ ഒരു കാലത്തേ പെൺവേദനയും ചുറ്റികിടക്കുന്നുണ്ട്. കവിതയിലൂടെ വിഷയത്തിന്റെ ആഴത്തിൽ തൊടാനുള്ള ശക്തി സൗദ നേടിയിരിക്കുന്നു എന്ന് ഈ കവിത വായിക്കുമ്പോൾ മനസിലാകും അതിനാൽ തന്നെ അവതാരികയിൽ കവിതാ ബാലകൃഷ്ണൻ കൗതുകകരമായ ക്രാഫ്റ്റ് എന്ന് വിശേഷിപ്പിച്ചതിൽ ഒട്ടും കൗതുകം ഇല്ല. "അക്രമാസക്തം പോലുമാകാവുന്ന പാതിവ്രത്യ സ്വാര്‍ഥചിന്തയോടെ ഒരു പുരുഷനെ ആശ്രയിക്കേണ്ടി വരുന്ന, ഒറ്റപ്പെടുന്ന സ്ത്രീയ്ക്ക് മനസ്സിലാകാത്തവിധം, പരാശ്രിതരുടെ സാഹോദര്യം കൂടി ഒരു പെണ്ണനുഭവമായി ഈ കഥയഴിഞ്ഞുവീഴുന്ന കവിതയിലുണ്ട്. അതിലേറെ, മറ്റൊന്നുണ്ട്. പൌരുഷം തെളിയിക്കാന്‍ കിണഞ്ഞു കെട്ടുന്ന പുരുഷന്റെ അവസ്ഥയില്‍, തങ്ങള്‍ രണ്ടും ഗര്‍ഭിണികളാകുന്ന നേരത്ത്, അപ്രതീക്ഷിതമായ പ്രകൃതിവിളയാട്ടില്‍ അമ്പരക്കാതെ, നേര്‍ത്ത ചിരി പൊട്ടുക മാത്രം ചെയ്യുന്ന പെണ്ണുങ്ങളുടെ ആന്തരികതയും ഈ കവിതയുടെ രസച്ചരട് തന്നെ. മാത്രമല്ല, ഒടുവില്‍ ‘ചരിത്രത്തിനപ്പുറത്ത് ഹാജറും സാറയും പുഞ്ചിരിച്ചു’ എന്നെഴുതുമ്പോള്‍ കവിതയില്‍ രണ്ടു കുട്ടികള്‍ ചിരിച്ചുനില്‍ക്കുന്ന കൌതുകകരമായ ഒരു ഫോട്ടോഗ്രാഫ് തന്നെ പ്രത്യക്ഷപ്പെടുന്നു ! സൌദയുടെ കവിതയില്‍ സംസ്ക്കാരവും ചരിത്രവും കഥയും ഓര്‍മ്മയും വ്യക്തിയും കെട്ടുപിണയുന്നത് ഇങ്ങനെയാണ്" (അവതാരികയിൽ കവിത ബാലകൃഷ്ണൻ)


സ്ത്രീകളുടെ അനുഭവങ്ങൾ പലതും ഇപ്പഴും സാഹിത്യത്തിൽ ശക്തമായി പ്രതിഫലിക്കപ്പെട്ടിട്ടുണ്ടോ? ഇല്ലന്നാണ് എന്റെ അഭിപ്രായം ആർത്തവം, ഗർഭധാരണം പ്രസവം എന്നിങ്ങനെയുള്ള അനുഭവങ്ങൾ സാഹിത്യത്തിൽ വേണ്ട വിധത്തിൽ വന്നിട്ടില്ല എന്ന് തോന്നുന്നു. മെൻട്രസ് കപ്പ് സാധാരണമായി തുടങ്ങിയിട്ടും, കേരളം പോലുള്ള ഇടങ്ങളിലും ഇന്ത്യയിലെ നഗരങ്ങളിലും ആണ് ഇതൊക്കെ സാധാരണത്തിലേക്ക് എത്തിയിട്ടുള്ളത് എന്നത് മറ്റൊരു കാര്യം ഇന്ത്യയുടെ ജീവൻ ഗ്രാമങ്ങളിലൂടെ എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഇന്ത്യൻ ഗ്രാമങ്ങളിൽ ഉള്ളവസ്ഥ ഇന്നും വ്യത്യസ്തമല്ല. എൻ എസ് മാധവന്റെ ബിയാട്രീസ് എന്ന കഥയിലെ സെയിൽസ്മാൻ നാപ്കിൻ പാഡ്സ് വിൽക്കാൻ അനുഭവിക്കുന്ന അതേ അവസ്ഥയാണ് ഡിജിറ്റൽ ഇന്ത്യയിൽ ഇന്നും എന്ന് പറയാതെ വയ്യ. മാസമുറ എന്ന കവിത ഈ അവസ്ഥയേ പച്ചയായി എഴുതുന്നു. പെൺ മാംസത്തിന് കടികൂടുന്ന ആണുങ്ങളെ പറഞ്ഞുകൊണ്ടാണ് കവിത, ഏഴുദിനങ്ങൾക്ക് ശേഷം അവൾ വീണ്ടും ബലിക്കല്ലിൽ പിടഞ്ഞു വീഴുന്നുമുണ്ട്


ആമജന്മം എന്ന കവിതയിലും വീട് കൂർക്കം വലിച്ചുറങ്ങുമ്പോൾ ഉറക്കം പാതിലുപേക്ഷിച്ച് അടുക്കള ഒരു വേറെയൊരു ഭൂകണ്ഡമായി മാറുന്നുണ്ട്. സൗദയുടെ കവിതകളിലെ വ്യത്യസ്തത ഇവിടെ അറിയാം

പ്രതിരോധത്തിൻെറയും ആഹ്വാനത്തിൻേറയും ശബ്ദമാകുന്ന 35 കവിതകൾ അടങ്ങിയ ഈ പുസ്തകം വായിച്ചു തന്നെ പരിചയപ്പെടേണ്ട ഒന്നാണ് അവതാരികയിൽ കവിതാ ബാലകൃഷ്ണനും പഠനത്തിൽ മസ്ഹറും അതതുതന്നെയാണ് പറയുന്നത് കവിതകളുടെ നിലങ്ങളിലേക്ക് ചുഴറ്റിയെറിയപ്പടുന്ന രൂക്ഷമായ മെറ്റഫറുകളലാൽ സമ്പന്നമായ ഈ സമാഹാരം പെണ്പക്ഷ മെന്നതിനേക്കാൾ മനുഷ്യപക്ഷം എന്ന് പറയാനാണ് എനിക്കിഷ്ടം പരിമിതമായ ഈ പരിചയപെടുത്തലിനപ്പുറം ആഴത്തിൽ വായിച്ചറിയാനുള്ളതാണ് ഈ സമാഹാരം. എന്നും പൂവിൽ ചവിട്ടുമ്പോൾ പൊള്ളാത്തവരെ പൊള്ളിക്കുന്ന കവിതകൾ ഇനിയും പിറക്കട്ടെ. കവി കൂടിയായ ഷെഹ്‌സാദ് ചെയ്ത  പുസ്തകത്തിന്റെ മനോഹമായ കവറും, താജ്ബക്കറിന്റെ ഇല്ലസ്ട്രേഷനും  ചേർന്നപ്പോൾ സമാഹാരം കെട്ടിലും മട്ടിലും മികച്ചതായി.