വല്ലപാടും എണീറ്റു നിന്ന

കണ്ടച്ചാരുടെ കയ്യിൽ

ആയുധമൊന്നുമില്ല.


ചന്ത്രക്കാരൻ രാമച്ചാരുടെ കയ്യിൽ

ഒരു കുന്തമുണ്ട്.

അയാൾ അതെടുത്തു പിടിച്ചു നില്പാണ്.


ചേട്ടച്ചാർക്കാകട്ടെ

വേട്ടക്കുപോകാൻ പലവട്ടം വിളിച്ചിട്ടും

ചെവിയൊട്ടും കേൾക്കുന്നില്ല.


ചക്കിപ്പെണ്ണിന്റെ ചക്കരവായനാണ്

ചക്കച്ചാര്.

അവനെ മറ്റൊന്നിനും കിട്ടില്ല.


മഞ്ഞത്തുകിലും കഞ്ഞിപ്പുടവയുമുടുത്ത്

കുഞ്ഞിക്കാവും അവളുടെ മകനും

ഒരുങ്ങിനില്‌പുണ്ട്.

അവരുടെ കൂടെ

കാഴ്ച്ച കാണാൻ പോവുകയല്ലാതെ

കുഞ്ഞച്ചാർക്കു വേറെ വഴിയില്ല.


കുഞ്ഞു കരഞ്ഞിട്ട്

കഞ്ഞി കുടിക്കാൻ പോലുമാവതില്ലാതെ

നിൽക്കുന്നു കുഞ്ഞിപ്പെണ്ണ്.


തന്റെ കാളൻ നായയെ

ശീലം പഠിപ്പിക്കാനേ

കേളച്ചാർക്കു നേരമുള്ളൂ.


ചാത്തച്ചാരുടെ ചാത്തൻ നായും

തൊമ്മച്ചാരുടെ തൊമ്മൻ നായും

കണ്ടച്ചാരുടെ കണ്ടൻ നായും

കോരച്ചാരുടെ വീരൻനായും

ഉടമസ്ഥരെ കാണാതെ

കുരച്ചുകൊണ്ടവിടെ നില്പുണ്ട്.


തുള്ളൽത്തട്ടിൽ നിന്ന്

നമ്പ്യാർ ഒറ്റത്തുള്ളൽ.

എല്ലാവരും ഇളകിത്തുടങ്ങി.

കിറുങ്ങിയിരുന്നവനും

വീടിനു ചുറ്റും മണ്ടിക്കൊണ്ടിരുന്നവനും

തുടയിടുക്കിൽ കൈവെച്ചുറങ്ങിക്കൊണ്ടിരുന്നവനും

എണ്ണത്തട്ടിലിരുന്ന്

എണ്ണയെടുത്തു കൊടുത്തുകൊണ്ടിരുന്നവനും

തട്ടിനു താഴെ നിന്ന്

ശിരസ്സുകാട്ടി എണ്ണ വാങ്ങിക്കൊണ്ടിരുന്നവനും

കുറുതായുളളരിച്ചോറ്

മലയാളക്കറി നാലും

കൂട്ടിയുണ്ടുകൊണ്ടിരുന്നവൻ പോലും

ഇറങ്ങിയോടി.


ക്ഷേത്രച്ചുമരിൽ ചുമ്മാ നിന്ന

കല്ലിലും മരത്തിലും തീർത്ത

ശില്പങ്ങളെല്ലാം

അതു കേട്ടു

ഞെട്ടിപ്പുറത്തുചാടി

കൂട്ടത്തിൽ കൂടി.


ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ

മടയിൽ കിടന്ന ഞാൻ

എണീറ്റിരുന്ന്

മെല്ലെ ഒരു കോട്ടുവാ വിട്ട്

കണ്ണു തിരുമ്മി

ഏന്തി നോക്കുന്നു.


ചലിച്ചുകൊണ്ടേയിരിക്കുന്ന

ഉറുമ്പുമനുഷ്യരുടെ

ആ പെരും കളത്തിലേക്ക്

എന്നെയും വരുത്തും വരെ

തുള്ളിക്കൊണ്ടേയിരിക്കുന്നു നമ്പ്യാര്